ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വേട്ടെടുപ്പ് നടക്കാനിരിക്കെ വോട്ടെടുപ്പ് നീട്ടിവെക്കാന്‍ സഖ്യ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം.
തിങ്കളാഴ്ച വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ച് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നേരത്തെ പ്രഖ്യാപിച്ചപോലെ ഇന്ന് തന്നെ വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി സ്പീക്കര്‍ക്ക് ബിജെപി നേതൃത്വം കത്ത് നല്കി.
വിശ്വാസ വോട്ടെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം സഖ്യ സര്ക്കാരിനില്ലാത്തതിനാലാണ് വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.
ഇതിനിടയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഒരു എംഎല്‍എയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ നിന്ന് കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.