Vehicle

ഹെക്ടർ ബുക്കിംഗ് നിർത്തിവച്ച് എംജി

രാജ്യത്തെ ആദ്യ ഇന്റർനെറ്റ് കാർ എന്ന വിഷേണത്തോടെയെത്തിയ ഹെക്ടറിന്റെ ബുക്കിംഗ് താത്കാലികമായി നിർത്തിവച്ച് എംജി. ആവശ്യക്കാർ കൂടിയതിനാലാണ് ബുക്കിംഗ് നിർത്തിവച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ സൂപ്പർ ഹിറ്റായ ഹെക്ടറിന് ഇതുവരെ 21000 ബുക്കിംഗുകളാണ് ലഭിച്ചത്.

എന്നാൽ ഒരു മാസം 2000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയേ എംജിയുടെ ഇപ്പോഴത്തെ നിര്‍മ്മാണശാലയ്ക്കുള്ളൂ. അത് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഒക്ടോബറോടെ നിർമ്മാണം 3000 യൂണിറ്റിലെത്തിക്കാനുള്ള ശ്രമം എംജി തുടങ്ങിക്കഴിഞ്ഞു. ഹെക്ടറിനെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനും ഇതുവരെ ലഭിച്ച പ്രതികരണത്തിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു എംജി ബുക്കിംഗ് നിർവച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

ജൂൺ 4 നാണ് വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങിയത്. വില പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ പതിനായിരത്തിലധികം ബുക്കിംഗുകൾ ലഭിച്ചിരുന്നു. 12,18,000 മുതലാണ് കാറിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹെക്ടർ ഇറങ്ങുന്നത്. ഇതിൽ തന്നെ പെട്രോൾ, ഡീസൽ മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ഗുജറാത്തിലെ പ്ലാന്റിൽ നിന്നാണ് വാഹനം പുറത്തിറങ്ങുന്നത്.

മൈക്രോസോഫ്റ്റ്, അഡോബ്, സാപ്, സിസ്‌കോ തുടങ്ങി നിരവധി കമ്പനികളുടെ ടെക്‌നോളജി പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ബില്‍റ്റ് സിം മുഖേനയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാവുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ടു തന്നെ ‘ഇന്റര്‍നെറ്റ് ഇന്‍സൈഡ്’ എന്ന ബാഡ്ജും വാഹനത്തിന്റെ പുറത്ത് ആലേഖനം ചെയ്തിട്ടുണ്ട്.

ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വോയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനമാണ് ഹെക്ടറിന്റെ പ്രധാന സവിശേഷത. ഡ്രൈവർ നൽകുന്ന ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാവും ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രവർത്തിക്കുക.

വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.4 ഇഞ്ച് പോര്‍ട്രെയിറ്റ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിന്റെ പ്രത്യേകതകളാണ്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close