കൊച്ചി : മെട്രോമാന്‍ ഇ. ശ്രീധരന്റെ ജിവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് സിനിമാലോകം. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് ഇ. ശ്രീധരന്റെ വേഷമിടുന്നത്. രാമസേതു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അരുണ്‍ നാരായണനാണ്.
നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ‘ അറബിക്കടലിന്റെ റാണി ‘ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. എന്നാല്‍ ആ തിരക്കഥ മാറ്റിയെഴുതി ഇ. ശ്രീധരന്റെ ജീവചരിത്രം തന്നെ വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവുകയായിരുന്നു. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്.
നമ്മുടെ നാട്ടില്‍ ചരിത്രം സൃഷ്ടിച്ച ആ മഹാനായ മനുഷ്യനുള്ള ആദരം എന്ന നിലയ്‌ക്കാണ് സിനിമ ചെയ്യുന്നതെന്നു സംവിധായകന്‍ വി.കെ പ്രകാശ് പറഞ്ഞു.
1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണു സിനിമയുടെ പ്രമേയം. ഇ.ശ്രീധരന്റെ രണ്ടു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയില്‍ ജയസൂര്യ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണു ഇ. ശ്രീധരന്റെ ജീവചരിത്രം സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതെന്നു തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു. പാമ്പന്‍ പാലം നിര്‍മാണത്തില്‍ തുടങ്ങി കൊച്ചി കപ്പല്‍ശാല, കൊങ്കണ്‍ റെയില്‍വെ, ഡല്‍ഹി മെട്രോ തുടങ്ങിയ നിര്‍മാണ കാലങ്ങളെയും സിനിമ പ്രതിപാദിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.















