തൊടുപുഴ: നെടുങ്കണ്ടം രാജ് കുമാര്‍ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി രാജ് കുമാറിന്റെ മൃതദേഹം നാളെ റീ പോസ്റ്റ്മോര്‍ട്ടം നടത്തും. രാവിലെ 10 മണിയോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.
മൃതദേഹം സംസ്ക്കരിച്ച് 37 ദിവസത്തിന് ശേഷമാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. റീ പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തുക.
വായ്പ തട്ടിപ്പ് കേസില്‍ പിടിയിലായ രാജ് കുമാര്‍ ജൂണ്‍ 23 നാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ന്യുമോണിയ ബാധിച്ചാണ് മരിക്കുന്നത്. കേസിലെ നാല് പ്രതികള്‍ ചേര്‍ന്നു രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്കുമാറിന്റെ കാല് വെളളയില്‍ ദണ്ഡ് കൊണ്ട് ശക്തമായി പ്രഹരിച്ചിരുന്നുവെന്നും മരണകാരണമായ ന്യുമോണിയയിലേക്ക് നയിച്ചത് പോലീസിന്റെ ക്രൂരമര്ദ്ദനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കസ്റ്റഡി മരണത്തെ തുടര്‍ന്ന് നെടുങ്കണ്ടം എസ്ഐ സാബു, സിവില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.