കോട്ടയം: സംസ്ഥാനപാതയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നു. പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന് എതിര്‍വശമാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് .
റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി 2 വര്‍ഷം കഴിയും മുന്‍പെ സംരക്ഷണ ഭിത്തി 20 മീറ്ററോളം തകര്‍ന്നിരിക്കുകയാണ്. സംരക്ഷണ ഭിത്തി തകര്‍ന്നത് വലിയ അപകടാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.കെഎസ്ടിപി പൊന്‍കുന്നം ഡിവിഷന് ഓഫീസിന്റെ പരിധിയിലാണ് ഈ റോഡ്.
സംരക്ഷണ ഭിത്തി തകര്‍ന്ന വിവരം അധികൃതരെ അറിയിച്ചിട്ടും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും സംരക്ഷണ ക്രമീകരണങ്ങളും തയ്യാറാക്കിയില്ലയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വലിയ അപകടസാധ്യതയുള്ള പ്രശ്നമായിട്ടും ബന്ധപ്പെട്ടവര്‍ കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. ടാര്‍ ഭാഗം വരെ പാര്‍ശ്വങ്ങളിലെ മണ്ണ് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ബാക്കി ഭാഗവും ഇടിഞ്ഞ് താഴുവാനുള്ള സാധ്യതയുണ്ട്.
റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തി തകരുവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തീര്‍ഥാടന കേന്ദ്രത്തില്‍ എത്തുന്ന നിരവധി പേര് ഈ ഭാഗത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നുണ്ട്. അതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.