തൊടുപുഴ : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് കസ്റ്റഡിയില്‍ വച്ച് രാജ്കുമാര് മരിച്ചത് പോലീസിന്റെ ക്രൂര മര്ദ്ദനത്തെത്തുടര്ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റീ പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണ കാരണം മര്‍ദ്ദനമാണെന്ന് ഉറപ്പിക്കാനുള്ള പുതിയ തെളിവുകള്‍ ലഭിച്ചത്. ന്യൂമോണിയയാണ് മരണ കാരണമെന്നാണ് ആദ്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.
മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതര പരിക്കുകളാണ് രാജ്കുമാറിന്റെ ശരീരത്തില്‍ നിന്ന് റീ പോസറ്റ് മോര്ട്ട്ത്തില് കണ്ടെത്തിയത്. നെഞ്ചിന്റെയും, തുടയുടെയും, വയറിന്റെയും പിന്നില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ട്. കൂടാതെ കാലുകള്‍ ബലമായി അകത്തിയതിന്റെ പാടുകളും രാജ്കുമാറിന്റെ ശരീരത്തിലുണ്ട്. മൊത്തം 22 പുതിയ പരിക്കുകളാണ് റീ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
അതേസമയം കസ്റ്റഡി കൊലപാതകത്തില്‍ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പോലീസ് അന്വേഷണം പക്ഷാപാതപരമാണെന്നും, എത്ര സാക്ഷികളെ കൊണ്ടുവന്നാലും സാഹചര്യത്തെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.
രാജ്കുമാറിന്റെ പരിക്കുകള്‍ സംബന്ധിച്ച് ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കാത്തത് വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.