കോട്ടയം : സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചകെവിന് വധക്കേസ് വിധി പറയുന്നത് മാറ്റിവെച്ചു. ഈ മാസം 22 ലേയ്ക്കാണ് വിധി മാറ്റിയത്. കോട്ടയംപ്രിന്സിപ്പല് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കെവിന്റേത് ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം എതിര്‍ക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.
കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വിധി പറയുന്നത് മാറ്റിവെയ്ക്കുകയാണെന്ന് കോടതി അറിയിച്ചു. വിധിക്കായി കാത്തിരിക്കുകയാണ് കെവിന്റെ ഭാര്യ നീനുവും കുടുംബവും.
നീനുവിന്റെ അച്ഛന് ചാക്കോ ജോണ്‍, സഹോദരന് സാനു ചാക്കോ, എന്നിവരുള്‍പ്പെടെ 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയായി.
കെവിന്റെത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് പ്രോസിക്യൂഷന് അഭിപ്രായപ്പെട്ടു.
എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന് ചാക്കോ പറഞ്ഞിരുന്നു.
താഴ്ന്ന ജാതി മേല്‍ ജാതി എന്നത് നോക്കിയില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന് തെന്മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിലാണ് കൊലചെയ്യപ്പെട്ടത്.
വിചാരണയ്ക്ക് ഇടയില്‍ത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിന് കൊലക്കേസ്.
കെവിന്റെ കൊലപാതകത്തിനിടയാക്കുന്ന തരത്തില്‍ ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതോടെ, സര്‍ക്കാര്‍ പിന്നീടത് മരവിപ്പിച്ചിരുന്നു.
2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന് സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി.
28-0ംതിയതി രാവിലെ പുനലൂര്‍ ചാലിയേക്കര ആറില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.