ശ്രീനഗര്‍ : നുഴഞ്ഞു കയറ്റക്കാരെ രാജ്യത്തക്ക് കടത്താന്‍ പാകിസ്ഥാന് ശ്രമിക്കുന്നതായി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തേക്ക് നുഴഞ്ഞു കയറ്റക്കാരെ പ്രവേശിപ്പിക്കാനാണ് പാകിസ്ഥാന് ശ്രമിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് തക്ക മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ട്. കനത്ത ജാഗ്രതയാണ് ഇന്ത്യന്‍ സൈന്യം പുലര്‍ത്തുന്നത്. അതുകൊണ്ടാണ് നിയന്ത്രണരേഖ കടന്നുള്ള പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നുഴഞ്ഞു കയറ്റക്കാരെ കൂടാതെ ഭീകരരെ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമവും പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതായും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലും പോലീസും സൈന്യവും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. പ്രദേശം മുഴുവന്‍ തങ്ങളുടെ നിരീക്ഷണത്തിലാണ്. പാകിസ്ഥാന് നടത്തുന്ന ഏത് ആക്രമണവും തടയാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.