ഡാര്‍ജിലിങ്: സ്വന്തം യജമാന്റെ കണ്ണൊന്നു നിറഞ്ഞാല്‍, അപകടത്തില്‍പ്പെട്ടാല്‍ ജീവന് പണയം വച്ചും ഓടിയെത്തുന്ന വളര്‍ത്തുനായകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി കാണാറുണ്ട്. ഇത്രയും സ്നേഹം നായകള്‍ക്ക് കാണുമൊയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ നായകള്‍ക്ക് യജമാനനോടുള്ള സ്നേഹത്തെ മഹത്വം ഒന്നും കൂടി ഊട്ടിയുറപ്പിക്കുകയാണ് ടൈഗര്‍ എന്ന നാലുവയസ്സുകാരന് നായ.
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും അതിസാഹസികമായാണ് ടൈഗര്‍ തന്റെ യജമാനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. വെസ്റ്റ് ബംഗാളിലെ ഡാര്ജിലിങിലായിരുന്നു സംഭവം.
വീടിന്റെ താഴത്തെ നിലയില്‍ തിളങ്ങുന്ന രണ്ട് കണ്ണുകള്‍ ശ്രദ്ധയില്‍പ്പെട്ട അരുണ എന്താണെന്ന് പരിശോധിക്കാന്‍ ചെന്നതായിരുന്നു. അരുണ അടുത്ത്് എത്തിയതും പുള്ളിപ്പുലി ചാടിവീഴുകയായിരുന്നു. അരുണയുടെ നിലവിളി കേട്ട് ഓടിയെത്തിയ ടൈഗര്‍ മറ്റ് ഒന്നും ചിന്തിക്കാതെ പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണു. പുള്ളിപ്പുലിയുടെ പിടിയില്‍ നിന്നും അരുണയെ രക്ഷിക്കുന്നതു വരെ അവന് ചെറുത്തുനിന്നു. യജമാനോടുള്ള അവന്റെ സ്നേഹത്തിനു മുന്നില്‍ പുള്ളിപ്പുലിക്ക് തോല്‍ക്കേണ്ടി വന്നു.
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 58 വയസ്സുക്കാരിയായ അരുണയ്ക്ക് നെറ്റിയിലും ചെവിയിലുമായി 20 തുന്നിക്കെട്ടലുകളുണ്ട്.
സംഭവം ട്വീറ്ററില്‍ പങ്കുവച്ചത്തോടെ ലോകമെമ്പാടുമുള്ള നിരവധി പേരാണ് ടൈഗറിന് ആശംസകളുമായി എത്തിയിരിക്കുന്നത്.