ലക്നൗ: പൊതുജന സേവനമാണ് മതത്തെക്കാള്‍ വലുതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യക്തികള്‍ എന്നും നല്ല സേവനങ്ങള്‍ നല്കുന്നതില് തത്പരര്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി പ്രസ്ഥാനില് വച്ച് നടന്ന ചടങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പൊതുജന സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്.
നല്ല സേവനം നല്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കും. ഞാന്‍ 17-18 മണിക്കൂര്‍ വരെ ദിവസം ജോലിചെയ്യാറുണ്ട് . തന്റെ ഭാഗത്ത് നിന്ന് നല്ല സേവനമാണ് ലഭിച്ചതെങ്കില്‍ താനും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജന സേവനത്തെക്കാള്‍ വലിയ മതം ഇല്ല. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നവരാണ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ട് തന്നെ പൊതുജന പ്രശ്നങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ അവര്‍ക്ക് പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനിനില്ക്കുന്ന ബ്യൂറോക്രാറ്റിക് സംസ്കാരത്തോട് യോഗി അതൃപ്തി പ്രകടിപ്പിച്ചു. ചില ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ജോലിയില്‍ പ്രവേശിക്കുന്നില്ല. മാത്രമല്ല ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാതെ എല്ലാറ്റിനും പരിഹാരമായെന്ന് പറയുന്നു. ഇത് സംബന്ധിച്ച് നിരവധിയാളുകള്‍ പരാതിയുമായി തന്റെ മുന്നില്‍ എത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി നിയമങ്ങള്‍ പൊതുജനങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഒരു ഉദ്യോഗസ്ഥനും ജനങ്ങളോട് അപമര്യാദയായി പെരുമാറുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹതപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. കൂടാതെ ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. എങ്കില്‍ മാത്രമേ സാധാരണക്കാര്‍ക്ക് സേവനം നല്കാന് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കു എന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങള്‍ നല്കുന്ന സേവനങ്ങള്‍ കൊണ്ട് ജനങ്ങള്‍ തൃപ്തരാണെങ്കില്‍ നിങ്ങള്‍ മികച്ച സേവനമാണ് നല്‍കിയതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു