മോസ്‌കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തുന്ന റഷ്യന്‍ സന്ദര്‍ശനം കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ കരുത്താവുന്നു.റഷ്യയുടെ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോളായ് പാട്രൂഷേവുമായാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ച നടന്നത്. ഭാരതത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് റഷ്യ വാഗ്ദാനം ചെയ്തത്. പ്രദേശത്തെ ബാഹ്യആഭ്യന്തര സുരക്ഷാ കാര്യങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു.
റഷ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഡോവല്‍ മോസ്‌കോവിലെത്തിയത്. മേഖലയിലെ സുരക്ഷാസംബന്ധമായ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തേണ്ട തയ്യാറെടുപ്പുകളാണ് സുപ്രധാനചര്‍ച്ചാവിഷയം.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം നടത്താനിരിക്കുന്ന വ്‌ലാഡിവോസ്‌റ്റോക്ക് സന്ദര്‍ശനത്തിന് മുന്നോടിയായ സുരക്ഷാകാര്യങ്ങളും ഡോവലിന്റെ ചുമതലയാണ്.കിഴക്കന്‍ സാമ്പത്തിക സമിതിയുടെ സമ്മേളനത്തിനായാണ് മോദി റഷ്യയിലെത്തുന്നത്.
സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഭീകരവിരുദ്ധ നടപടികള്‍ കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയായത്. റഷ്യന്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗികമായിത്തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണീകാര്യം.
സന്ദര്‍ശനത്തിനിടെ റഷ്യയുടെ ബഹിരാകാശ മേഖലയുടെ മേധാവി ദിമിത്രി റോഗോസിനുമായും കൂടിക്കാഴ്ച നടന്നു. ഭാരതവും റഷ്യയും സംയുക്തമായി നിര്‍വ്വഹിക്കാനിരിക്കുന്ന ബഹിരാകാശദൗത്യമായ ഗഗന്‍യാനിന്റെ അവലോകനമാണ് നടന്നത്.















