കൊല്ലം: ജില്ലയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ ഭവനില്‍ സതി (48) ആണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതി.
തൊഴിലുറപ്പ് ജോലിക്കിടെയാണ് സതിക്ക് രോഗം ബാധിച്ചതെന്നാണ് വിവരം. ഇവരുടെ ബന്ധുവായ വിജയ കുമാരിയും എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയുടെ മലയോര മേഖലയായ വെട്ടിക്കവല, മേലില പഞ്ചായത്തുകളിലും പനി പടര്‍ന്ന് പിടിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് പനി ബാധിച്ചിരിക്കുന്നത്.
അതേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പ് വരുത്തിയ വീഴ്ചയാണ് എലിപ്പനി പടരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സതിയുടെ മരണത്തിന് ശേഷമാണ് പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ തൊഴിലാളികള്‍ക്കിടയില്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തതെന്നും നാട്ടുകാര്‍ പറഞ്ഞു.