Defence

ആ നിമിഷത്തിനായിട്ടാണ് ഞാന്‍ ഭാരതവായുസേനയുടെ ഭാഗമായത്: അഭിമാനത്തോടെ മിന്റീ സിംഗ്

ന്യൂഡല്‍ഹി : അഭിനന്ദന്‍ വര്‍ധമാന്‍ യുദ്ധമുഖത്ത് പോര്‍മുനയായി തുളച്ചുകയറിയനിമിഷം, അതിന് കാരണക്കാരിയായി മാറിയ വനിതയ്ക്ക് ഭാരതം യുദ്ധസേവാ മെഡല്‍ നല്‍കുകയാണ്. മിന്റീ അഗര്‍വാള്‍ എന്ന ഭാരത വായുസേനയുടെ യുവ സ്‌ക്വാഡ്രന്‍ ലീഡറാണ് പാക്കിസ്ഥാന്റെ അഹങ്കാരത്തെ തകര്‍ത്ത തീരുമാനമെടുത്തത്. ഒക്ടോബര്‍ 8നാണ് ബഹുമതി സമ്മാനിക്കുക.

മിന്റീ പറയുന്നതിങ്ങനെ, ‘ ഞാനുറപ്പിച്ചു, ഈ നിമിഷത്തിനായിട്ടാണ് ഞാന്‍ വായുസേനയുടെ ഭാഗമായത്. നാടിനായി എനിക്ക് ചെയ്യാനാകുന്ന ഏറ്റവും വലിയ സേവനമാണതെന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്.ഫെബ്രുവരി 26നും 27നും വായുസേനയുടെ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ എനിക്കായിരുന്നു ചുമതല. കണ്ണിലെണ്ണയൊഴിച്ച്് റഡാര്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതും യുദ്ധവിമാനങ്ങളുടെ മുഴുവന്‍ നിയന്ത്രണങ്ങളും ചെയ്യേണ്ടവരാണ് ഞങ്ങള്‍’ റിട്ടയേര്‍ഡ് ഫ്‌ളയിംഗ്‌  ഓഫീസറായ അച്ഛന്‍ രവീന്ദ്ര അഗര്‍വാളിന്റെ സമീപത്തിരുന്നു പറയുമ്പോള്‍ ആ കുടുംബം മുഴുവന്‍ ഒരു പെണ്‍കുട്ടി നാടിന്റെ അഭിമാനവും അതിര്‍ത്തിയും സംരക്ഷിച്ചതിന്റെ നിമിഷങ്ങളെ നെഞ്ചോട് ചേര്‍ത്തു.

മിന്റി തുടര്‍ന്നു, ‘ഫ്‌ളയിറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നത് വായുസേനയുടെ ഏറ്റവും മുന്നിലുള്ള സജ്ജീകരണ വിഭാഗമാണ്. അവരുടെ സൂചനകളാണ് പോര്‍വിമാനങ്ങളെ കരുത്തരാക്കുന്നതും യുദ്ധത്തില്‍ ശത്രുക്കളുടെ സ്ഥാനം നിശ്്ചയിച്ച് ലക്ഷ്യം ലോക്ക് ചെയ്യുന്നതും.27 ന് അതിരാവിലെ ഞാന്‍ കണ്ടകാഴ്ച പാക് പോര്‍ വിമാനങ്ങള്‍ 25 എണ്ണം ശ്രീനഗര്‍ ലക്ഷമാക്കി വരുന്നതാണ്. ഉടന്‍ എല്ലാ വായുസേനാ കേന്ദ്രങ്ങള്‍ക്കും അപായസൂചന നല്‍കി. അഭിനന്ദന്റെ മിഗ് 21 അടക്കം ഭാരത പോര്‍വിമാനങ്ങള്‍ ആകാശത്തെത്തി. പാക് വിമാനങ്ങള്‍ നമ്മുടെ അതിര്‍ത്തികടക്കും മുന്നേ വളയാനുള്ള നിര്‍ദ്ദേശമാണ് ആദ്യം നല്‍കിയത്. ഒപ്പം അവരെ തുരത്താനാകുന്ന പ്രത്യക്രമണ നിര്‍ദ്ദേശവും നല്‍കാനായി.

മിക്കവാറും എല്ലാ വിമാനങ്ങളും മടങ്ങിയെങ്കിലും രണ്ടു ശത്രുവിമാനങ്ങള്‍ അപ്രതീക്ഷിതമായി എന്റെ ശ്രദ്ധയില്‍ പതിഞ്ഞു. അപ്പഴേക്കും അഭിന്ദന്‍ അവരുടെ പുറകേ തന്നെ എത്തിയിരുന്നു. ആ നിമിഷം ഞാനുറപ്പിച്ചു, ഈ നിമിഷമാണ് എന്റേത്. ഒരു വിമാനത്തെ അഭിനന്ദന്‍ തുരത്തി ,ഉടന്‍ റഡാറില്‍ ഭാരത അതിര്‍ത്തിക്കടുത്തുകിട്ടിയ ശത്രുവിന്റെ സ്ഥാനം ഞാനുറപ്പിച്ചു. റഡാറില്‍ ലോക്ക് ചെയ്ത് ലക്ഷ്യം അഭിനന്ദന് കൈമാറി. പിന്നിടെല്ലാം ചരിത്രം. അഭിനന്ദന്റെ മന:സാന്നിധ്യം,ധൈര്യം പാക് വിമാനത്തെ ഒരു അഗ്നി ഗോളമാക്കി മാറ്റി. എന്നാല്‍ അപ്പോഴേക്കും എന്റെ സൂചനകള്‍ ലഭിക്കുന്നതിനപ്പുറത്തേയ്ക്ക് പാക് അതിര്‍ത്തികടന്ന് അഭിനന്ദന്‍ പോയിക്കഴിഞ്ഞിരുന്നു.ഭാരത നാവികസേനയ്ക്ക് കാര്‍ഗിലില്‍ നടത്തേണ്ടിവന്ന യുദ്ധത്തിന് ശേഷം ശത്രുക്കളെ തുരത്താനായ നിമിഷത്തിന്റെ ഭാഗമായത് ഒരിക്കലും മറക്കാനാവാതെ മിന്റി അഗര്‍വാള്‍ പറഞ്ഞുതീര്‍ത്തു.

876 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close