ന്യൂ ഡല്‍ഹി: പാകിസ്ഥാന് നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തില്‍ 3 പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെടുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
പ്രധാനമായും പൂഞ്ചിലും ഷാഹ്പൂരിലുമുള്പ്പെടെയുള്ള ജനവാസ മേഖലകളില്‍ മോര്‍ട്ടാര്‍, ഷെല്ലാക്രമണങ്ങള്‍ നടത്തിയ പാകിസ്ഥാന്റെ മുന്‍നിര പോസ്റ്റുകളെയാണ് ഇന്ത്യ തിരിച്ചടിയില്‍ ലക്ഷ്യമിട്ടത്. ഇന്നലെ ഷാഹ്പൂര്‍ സെക്ടറില്‍ പാകിസ്ഥാന് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു വരിച്ചിരുന്നു. ഇന്ന് പൂഞ്ചിലെ സബ്ജിയാന്‍ സെക്ടറിലുള്ള നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 2 ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു.
ഷാപ്പൂര്‍ കിര്‍നി, സബ്ജിയാന്‍ മേഖലകളിലെ പാകിസ്ഥാന് സൈന്യത്തിന്റെ അഞ്ച് ഫോര്‍വേഡ് പോസ്റ്റുകള്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നു. ഇന്ത്യന്‍ പോസ്റ്റുകളേയും ജനവാസമേഖലകളേയും ലക്ഷ്യം വെക്കുന്നതിനായി പാകിസ്ഥാന് സൈന്യം ഈ പോസ്റ്റുകള്‍ ഉപയോഗിച്ചിരുന്നു.
നേരത്തെ, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് സൈന്യം സായുധ ഭീകരവാദികളെ ഫോര്‍വേഡ് പോസ്റ്റുകളില്‍ അണിനിരത്തിയതായി സൂചനകള്‍ ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് പാകിസ്ഥാന് സൈന്യം നിരവധി ഭീകരവാദികളെ ജമ്മു കശ്മീരിലേക്ക് കടത്തുന്നതിനായി നിയന്ത്രണ രേഖയിലെ തങ്ങളുടെ ഫോര്‍വേഡ് പോസ്റ്റുകളിലേക്ക് എത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.