ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡ് ഇനി അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന് സ്വന്തം. സിംബാവെ താരം തതേന്ദ തയ്ബുവിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് റാഷിദ് ഖാന് ഈ നേട്ടം കൈവരിച്ചത്.
15 വര്‍ഷം നീണ്ട തയ്ബുവിന്റെ റെക്കോര്‍ഡാണ് റാഷിദ് തകര്‍ത്തത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടോസിന് ഇറങ്ങിയതോടെയാണ് റാഷിദ് ഖാന് ഈ നേട്ടം കൈവരിച്ചത്. വെറും എട്ട് ദിവസത്തെ വ്യത്യാസത്തിലാണ് റാഷിദ് ഖാന് ഈ നേട്ടം സ്വന്തമാക്കിയത്.
20 വര്‍ഷവും 350 ദിവസവുമാണ് ടെസ്റ്റില്‍ നായക പദവി ഏറ്റെടുക്കുമ്പോള്‍ റാഷിദ് ഖാന് പ്രായം. 15 വര്‍ഷം മുന്‍പ് സിംബാവെ താരം തതേന്ദ തയ്ബുവാണ് ഈ നേട്ടം കൈവരിച്ചത്. 2004 ല്‍ സിംബാവെ ടെസ്റ്റ് ടീം നായകനാകുമ്പോള്‍ തയ്ബുവിന് പ്രായം 20 വര്‍ഷവും 358 ദിവസവും ആയിരുന്നു. വെറും എട്ട് ദിവസത്തെ വ്യത്യാസത്തില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടം റാഷിദ് ഖാന് സ്വന്തം പേരിലാക്കി.
2004 മേയ് ആറിന് തയ്ബു ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ടെസ്റ്റ് നായകനായി അരങ്ങേറിയത്. റാഷിദ് ഖാനാകട്ടെ ബംഗ്ലാദേശിനെതിരെയും. നായക സ്ഥാനം ഏറ്റെടുത്തുള്ള കന്നി ടെസ്റ്റ് മത്സരത്തില്‍ ടോസ് ജയിച്ച് റാഷിദ് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. 21 വര്‍ഷവും 77 ദിവസവും പ്രായമുള്ളപ്പോള്‍ ആണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്.
അതേസമയം, ഏകദിന ക്രിക്കറ്റിലും ഈ നേട്ടം റാഷിദ് ഖാനാണ് സ്വന്തം. 2018 മാര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റിലാണ് റാഷിദ് ഖാന് ഈ നേട്ടം കൈവരിച്ചത്. അന്ന് ഏകദിന ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ നയിക്കുമ്പോള്‍ റാഷിദിന് പ്രായം 19 വര്‍ഷവും 165 ദിവസുമായിരുന്നു. സ്‌കോട്ട്ലാന്‍ഡിനെതിരായ ലോകകപ്പ് ക്വാളിഫയറിലായിരുന്നു റാഷിദ് ഖാന്‍ അഫിഗാനിസ്ഥാനെ നയിച്ചത്.















