മാഞ്ചസ്റ്റര്‍: ഒരിക്കല്‍ക്കൂടി ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ നെടുംതൂണായി സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സ്മിത്ത് ഇരട്ട സെഞ്ചുറി(211) നേടി. സ്മിത്തിന്റെ മികവില്‍ ഒന്നാം ഇന്നിംഗ്സി്ല് ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെടുത്തു.
കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് സ്മിത്ത് മാഞ്ചസ്റ്ററില്‍ കുറിച്ചത്. ഇന്നലെ ആഷസില്‍ തുടര്‍ച്ചയായി 8 ഇന്നിംഗ്സുകളില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്മിത്ത് സ്വന്തമാക്കിയിരുന്നു. മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് പിന്നീട് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്മിത്തിനൊപ്പം ബാറ്റിംഗ് തുടര്‍ന്ന ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്(19). ബ്രോഡിനാണു വിക്കറ്റ്. തുടര്‍ന്നു വന്ന മാത്യൂ വെയ്ഡും (16) ജാക്ക് ലീച്ച് ന്റെ പന്തില്‍ പുറത്തായി.
എന്നാല്‍ കുതിപ്പ് തുടര്‍ന്ന സ്മിത്ത് 160 പന്തില്‍ തന്റെ 26-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തി. സ്മിത്തിന് ഉറച്ച പിന്തുണ നല്കിയ നായകന് ടിം പെയ്ന് 58 റണ്‍സെടുത്തു. ഓവര്‍ട്ടനാണ് പെയ്നിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ നാല് റണ്‍സ് മാത്രമെടുത്ത് പാറ്റ് കമ്മിന്‍സും പുറത്തായി. എന്നാല്‍ ഇരട്ട സെഞ്ചുറിയുമായി സ്മിത്ത് നങ്കുരമിട്ടതോടെ ഓസീസ് മികച്ച സ്കോറിലെത്തി. സ്മിത്ത് പുറത്തായ ശേഷം അടിച്ചുതകര്‍ത്ത മിച്ചല്‍ സ്റ്റാര്‍ക്കും(54) നഥാന്‍ ലിയോണും(26) ഓസീസിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(0 ), മാര്‍ക്കസ് ഹാരിസ്(13 ), മാര്‍നസ് ലാബുഷാനെ( 67) എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു.