തിരുവനന്തപുരം : പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തി റാങ്ക് പട്ടികയില്‍ കയറിക്കൂടിയ എസ്എഫ്ഐ നേതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി ക്രൈബ്രാഞ്ച്. നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്കി. ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയുമാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.
പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും പരീക്ഷ എഴുതിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ചോര്‍ത്തിയ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതികളെ നുണപരിശോധനയക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അതേ സമയം തട്ടിപ്പ് കേസില്‍ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. രണ്ട് പ്രതികള്‍ ഇന്ന് കോടതിയില്‍ കീഴടങ്ങി. രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കോടതിയില്‍ കീഴടങ്ങിയത്. അറസ്റ്റ് ഒഴിവാക്കാനായി ഇരുവരും കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ ഈ മാസം 20 വരെ റിമാന്റ് ചെയ്തു.