ന്യൂയോര്‍ക്ക്: പത്തൊമ്പതുക്കാരി ബിയാന്‍കാ ആന്ദ്രിസ്ക്കുവിന് ഇത് അഭിമാന നേട്ടം. ഇതുവരെയും ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ട് റൗണ്ട് മറിക്കടക്കാത്ത ആന്ദ്രീസ്ക്കു ഏഴാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. ലോക എട്ടാം നമ്പര്‍ താരമായ സെറീന വില്ല്യംസിനെ തോല്‍പ്പിച്ചാണ് ആന്ദ്രിസ്ക്കു തന്റെ സ്വപ്നത്തെ കൈയ്യെത്തി പിടിച്ചത്.
ആദ്യമായി യുഎസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിച്ച ആന്ദ്രിസ്ക്കു രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയാണ് നേട്ടത്തിലെത്തിയത്. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ആന്ദ്രിസ്ക്കു.കൂടാതെ മറിയ ഷറപ്പോവയുടെ വിജയത്തിന് ശേഷം ഗ്രാന്‍സ്ലം കിരീടം നേടുന്ന രണ്ടാമത്തെ ടീനേജ് താരവുമാണ്.
6-3,7-5 എന്ന സ്കോറില്‍ ആന്ദ്രിസ്ക്കു തകര്‍ത്തത് സെറീനയുടെ റെക്കോര്‍ഡ് സ്വപ്നമായിരുന്നു. കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് സാധിക്കുമായിരുന്നു.സെറീനയുടെ 33ാം ഗ്രാന്സ്ലാം ഫൈനലാണിത്. തുടര്‍ച്ചയായ രണ്ടാം യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇറങ്ങിയ സെറീനയ്ക്ക് രണ്ടിലും പരാജയമായിരുന്നു.