കൊച്ചി: കൊച്ചി മേയര്‍ക്കെതിരെ പ്രതിപക്ഷം നല്കിയ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്. കോര്പ്പറേഷന് ഭരണം സമ്പൂര്‍ണ പരാജയമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് ശേഷം അവിശ്വാസപ്രമേയ നടപടികള്‍ ആരംഭിക്കും.
അതേസമയം, പ്രമേയം പാസാകില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ യുഡിഎഫ്. യുഡിഎഫില്‍ ഭിന്നത ഇല്ലെന്നും ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും യുഡിഎഫില്‍ നിന്ന് വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് എല്‍ഡിഎഫ് വിഭാഗം പ്രതീക്ഷിക്കുന്നത്.
നിലവിലെ കക്ഷി നില അനുസരിച്ച് അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത. 74 അംഗ കൗണ്‍സിലില്‍ 38 പേരാണ് യുഡിഎഫ് പക്ഷത്ത്. പ്രതിപക്ഷമായ എല്‍ഡിഎഫിന് 34 അംഗങ്ങളുടെയും, ബിജെപിക്ക് 2 അംഗങ്ങളുടെയും പിന്തുണയാണുള്ളത്.
74 അംഗ കൗണ്‍സില്‍ ക്വാറം തികയണമെങ്കില്‍ 38 അംഗങ്ങളെങ്കിലും പങ്കെടുക്കണം. കൗണ്‍സിലില്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്ന് ക്വാറം തികയാത്ത സ്ഥിതിയുണ്ടാക്കാനായിരിക്കും യുഡിഎഫ് ശ്രമിക്കുക. ക്വാറം തികയാതെ വന്നാല്‍ അവിശ്വാസ പ്രമേയ നടപടികള്‍ ആറ് മാസം വരെ വൈകിപ്പിക്കാന്‍ സാധിക്കും. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ അങ്ങനെ നിലപാടെടുത്താല്‍ പരാജയം ഭയന്നാണ് വിട്ടുനിന്നതെന്ന ആരോപണം യുഡിഎഫിനെതിരെ എല്‍ഡിഎഫ് ഉന്നയിക്കും. അതേസമയം, ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.