ബംഗളൂരു: വിദ്യാര്‍ഥികള്‍ ക്ലാസിനുള്ളില്‍ അമിതമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിന് ഫോണുകള്‍ തല്ലിത്തകര്‍ത്ത് പ്രിന്‍സിപ്പാള്‍. കര്‍ണാടകയിലെ എംഇഎസ് ചൈതന്യ പിയു കോളേജിലാണ് വിദ്യാര്‍ഥികളുടെ മുമ്പില്‍ വച്ചു പ്രിന്‍സിപ്പാള്‍ ആര് എം ഭട്ട് മൊബൈല്‍ ഫോണുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്തത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.
ക്ലാസ് മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധിച്ചിരുന്നെങ്കിലും ചില വിദ്യാര്‍ഥികള്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇനിയും ഫോണുകള്‍ ഉപയോഗിക്കരുതെന്നും പിടിക്കപ്പെട്ടാല്‍ ഫോണുകള്‍ നശിപ്പിക്കുമെന്നും അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇത് അവഗണിച്ചു വിദ്യാര്‍ഥികള്‍ വീണ്ടും ഫോണുകള്‍ ക്ലാസില്‍ കൊണ്ടുവരുകയും അധ്യാപകര്‍ പഠിപ്പിക്കുന്നതിനിടെ മൊബൈല്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നതായും അധ്യാപകര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ക്ലാസ് മുറികളില്‍ നടത്തിയ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് കോളേജിന്റെ ഹാളില്‍ എത്താന്‍ കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഹാളില്‍ എത്തിയ വിദ്യാര്‍ഥികളുടെ മുന്പില് വച്ചു മൊബൈലുകള്‍ ചുറ്റിക കൊണ്ട് തല്ലിപ്പൊട്ടിക്കുകയായിരുന്നു.