മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒരോവർ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. നായകൻ വിരാട് കോഹ് ലിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. കോഹ് ലി 52 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്നു.
ശിഖർ ധവാൻ 40 റൺസെടുത്തപ്പോൾ രോഹിത് ശർമ്മ 14 ഉം ഋഷഭ് പന്ത് നാലും റൺസെടുത്തു. ശ്രേയസ് അയ്യർ 16 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. അർദ്ധസെഞ്ച്വറി നേടിയ നായകൻ ക്വിന്റൻ ഡികോകിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. ടെമ്പ ബവുമ 49 റൺസുമായി ഡി കോകിന് മികച്ച പിന്തുണ നൽകി.
ഇന്ത്യയ്‌ക്ക് വേണ്ടി ദീപക് ചാഹർ രണ്ടും സെയ്നി, ജഡേജ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.















