ഗുവാഹത്തി: 2010 ലോകകപ്പില്‍ ഘാനയെ കപ്പിനടുത്തെത്തിച്ച ആ കരുത്തൻ ,അസമാവോ ഗ്യാൻ ഭാരതത്തിലേക്കുവരുന്നു . ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടിയാണ് വരുന്ന സീസണില്‍ ഗ്യാന്‍ ബൂട്ടുകെട്ടുക. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഘാനയെ മാറ്റാൻ ഗ്യാനിന്റെ പെനാൽറ്റി പിഴവാണ് കാരണമായത് .അന്നത്തെ ആ കരച്ചിൽ ഫുട്ബോൾ ആരാധകർ മറന്നിട്ടില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വേ ഫൈനലിലേക്ക് വിജയിച്ചുകയറുകയായിരുന്നു.
വൻ താരമൂല്യം നേടിയ ഗ്യാനിന്റെ കരുത്ത് സിനദിൻ സിദാൻ അടക്കം വാനോളം പുകഴ്‌ത്തിയിരുന്നു .പിന്നീട് യുറോപ്പില്‍ വിവിധ ക്ലബുകള്‍ക്കായി ഗ്യാന്‍ തന്റെ പ്രതിഭാവിലാസം പുറത്തെടുത്തു . ഇപ്പോഴിതാ അതേ ആഫ്രിക്കൻ താരം ഇന്ത്യൻ മൈതാനങ്ങളില്‍ അരങ്ങുതകർക്കാൻ വരുന്നു .
ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണു ഗ്യാൻ .ഈ വരുന്ന സീസണില്‍ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടിയാണ് ഗ്യാന്‍ ബൂട്ടണിയുക .ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇറ്റാലിയൻ ലീഗായ സീരി എ എന്നിവിടങ്ങളിലെ കളിപരിചയവുമായിട്ടാണ് ഗ്യാന്‍ പറന്നിറങ്ങുന്നത്.കഴിഞ്ഞ മെയ് മാസമാണ് ഗ്യാൻ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.
ക്ലബ് അധികൃതര്‍ ഔദ്യോഗികമായി ഗ്യാന്‍ ക്ലബിലെത്തിയ കാര്യം അംഗീകരിച്ചിട്ടില്ല. പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ബാര്‍തൊളോമ്യൂ ഒഗ്ബഷേയ്‌ക്ക് പകരമാണ് ഗ്യാന്‍ എത്തുക.















