ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന്. രാത്രി 7ന് ബംഗളൂരുവിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും രണ്ടാം മത്സരം അനായാസം ജയിക്കുകയും ചെയ്തതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്. അതേസമയം ജയത്തോടെ നാണക്കേട് ഒഴിവാക്കാനാകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.
ഇന്നത്തെ മത്സരവും ജയിക്കാനായാല്‍ സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ പരമ്പര നേട്ടവും ഇന്ത്യയെ തേടിയെത്തും. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ യുവതാരം റിഷഭ് പന്തിന്റെ മോശം ഫോമാണ് ടീമിന് തലവേദനയാകുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പന്തിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. കഴിഞ്ഞ 10 ട്വന്റി20 മത്സരങ്ങളില്‍ ഏഴിലും രണ്ടക്കം കാണാതെയാണ് താരം പുറത്തായത്.
ഇന്നത്തെ മത്സരത്തില്‍ റണ്ണൊഴുകുന്ന പിച്ചാണ് ചിന്നസ്വാമിയില്‍ ഒരുങ്ങുന്നത്. താരതമ്യേന ചെറിയ ഗ്രൗണ്ടായതിനാല്‍ മികച്ച സ്‌കോര്‍ പിറക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഫാസ്റ്റ് ബൗളര്‍മാരെ ടീമിലെത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ ഖലീല്‍ അഹമ്മദിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 2018ന് ശേഷം നടന്ന മത്സരങ്ങളില്‍ സ്പിന്നര്‍മാരാണ് ചിന്നസ്വാമിയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. സ്പിന്നര്‍മാര്‍ 8.1 റണ്‍സാണ് ഓവറില്‍ വഴങ്ങുന്നതെങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വഴങ്ങിയത് ഓവറില്‍ 9.8 റണ്‍സാണ്.















