ഇന്നലെ നടന്ന ഫിഫ പുരസ്‌കാര വേദിയില്‍ ഏറ്റവും മിഴിവേറിയ പുരസ്‌കാരം ഏതെന്ന ചോദിത്തിന് ഉത്തരമൊന്നേ ഉള്ളൂ. മികച്ച ആരാധികക്കുള്ള പുരസ്‌കാരം സില്‍വിയ ഗ്രെക്കോ എന്ന അമ്മ ഏറ്റുവാങ്ങിയ കാഴ്ചക്കാണ് ഇന്നലെ റോം സാക്ഷിയായത്. ഓട്ടിസം ബാധിച്ച, കാഴ്ച ശക്തി നഷ്ടപ്പെട്ട പന്ത്രണ്ടുകാരന്റെ അമ്മയാണ് 56കാരിയായ സില്‍വിയ.
കാഴ്ചയില്ലാത്ത 12കാരനായ മകന്റെ ഫുട്ബോള്‍ പ്രേമം കണ്ടില്ലെന്ന് വെക്കാന്‍ സില്‍വിയക്ക് കഴിയുമായിരുന്നില്ല. തന്റെ മകനു വേണ്ടി അമ്മ കളി കണ്ടു. മകന് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. അങ്ങനെ ഫുട്‌ബോള്‍ മത്സരങ്ങളുടെ അവേശം ഒട്ടും ചോരാതെ കാതുകളിലൂടെ അവനിലെത്തിച്ച ഒരമ്മയാണ് ഇത്തവണത്തെ ഫിഫയുടെ ബെസ്റ്റ് ഫാന്‍ അവാര്‍ഡ് ജേതാവ്.
ഓരോ കളിയും കാണാന്‍ പോകുമ്പോള്‍ സില്‍വിയ മകനേയും ഒപ്പം കൂട്ടും. ഗ്യാലറിയിലെത്തിയാല്‍ ഈ അമ്മ ഗ്രൗണ്ടിലെ ഓരോ നീക്കങ്ങളും മകന്റെ കാതുകളിലെത്തിക്കും. ഇതോടെ ഈ അമ്മയും മകനും ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കും ആവേശമായി മാറി. പ്രൊഫഷണലായി വിശദീകരിക്കാന്‍ അറിയാത്തതിനാല്‍ പലപ്പോഴും വൈകാരികമായ വിവരണങ്ങളാണ് താന്‍ മകന് നല്‍കിയിരുന്നതെന്നും റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം വരെ മകനോട് പറയാറുണ്ടെന്നും സില്‍വിയ പറഞ്ഞു.
ഒടുവില്‍ മാതൃസ്നേഹത്തില്‍ ചാലിച്ച ആ ഫുട്ബോള്‍ പ്രേമത്തെ ഫിഫയും ആദരിച്ചു. സത്യത്തില്‍ ഇത് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഓരോ ആരാധകനുമുള്ള ഫിഫയുടെ അംഗീകാരമാണ്.















