റോം: ലോക ഫുട്‌ബോളര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഫിഫയുടെ മധുര പ്രതികാരം. ചടങ്ങില്‍ പങ്കെടുക്കാതെ പുസ്തകം വായിച്ചിരിക്കുന്ന ചിത്രം റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക ഇലവനിലുണ്ടായിട്ടും താരത്തിന്റെ പേര് പറയാതെ ഫിഫ അതൃപ്തി അറിയിച്ചിരിക്കുന്നത്.
ഫിഫയുടെ ലോക ഫുട്‌ബോളര്‍ പട്ടികയില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസി, ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരോടൊപ്പം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരുമുണ്ടായിരുന്നു. എന്നാല്‍ മെസിയാണ് ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജില്‍ വാന്‍ഡൈക്ക് രണ്ടാമതായപ്പോള്‍ റൊണാള്‍ഡോക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞിരുന്നുള്ളൂ. പുരസ്‌കാരം ലഭിക്കില്ലെന്ന് മനസിലാക്കിയ താരം മനപ്പൂര്‍വ്വം ചടങ്ങില്‍ നിന്ന് വിട്ടുനിന്നതായാണ് കരുതുന്നത്. റൊണാള്‍ഡോ ഒഴികെ ലോക ഇലവനില്‍ ഇടം നേടിയ കളിക്കാരെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചടങ്ങിനെത്താതിരുന്ന താരം പുസ്തകം വായിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ ലോക ഇലവനെ പ്രഖ്യാപിച്ച സമയം, അവതാരിക റൊണാള്‍ഡോയുടെ പേര് മനപൂര്‍വ്വം വായിച്ചില്ല. എന്നാല്‍ ഫിഫയുടെ ഈ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ബ്രസീല്‍ താരം നെയ്മറില്ലാതെയാണ് ലോക ഇലവനെ പ്രഖ്യാപിച്ചത്. മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, അലിസണ്‍, ഡിലൈറ്റ്, റാമോസ്, വാന്‍ഡൈക്ക്, ഡിജോങ്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, എംബാപ്പെ എന്നിവര്‍ ഇലവനില്‍ ഇടംനേടി.















