സോള്‍: ലോകറാങ്കിങ്ങിലെ മികച്ച വനിതാതാരങ്ങളൊക്കെ തോറ്റുമടങ്ങിയപ്പോള്‍ പുരുഷവിഭാഗത്തില്‍ ഒറ്റയാള്‍പോരാട്ടം നടത്തി കശ്യപ്. മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ 21-17,11-21,21-12 എന്ന സ്‌കോറിനാണ് കശ്യപ് പരാജയപ്പെടുത്തിയത്.
കശ്യപൊഴികെയുള്ള ഇന്ത്യന്‍താരങ്ങളൊക്കെ ആദ്യറൗണ്ടില്‍ വീണത് ഇന്ത്യന്‍ ക്യാമ്പില്‍ നിരാശപരത്തിയിരുന്നു. പുരുഷവിഭാഗത്തില്‍ സായ്പ്രണീത് പരിക്കുമൂലം മത്സരം പൂര്‍ത്തിയാക്കാനാകാതെയാണ് മടങ്ങേണ്ടിവന്നത്.
ലോകചാമ്പ്യന്‍ സിന്ധു തുടര്‍ച്ചയായ രണ്ടു ടൂര്‍ണമെന്റുകളില്‍ ക്വാര്‍ട്ടര്‍പോലും കാണാതെയാണ് പുറത്തായത്. സൈനയാകട്ടെ ടോപ് റാങ്കിംഗിലായിട്ടും വെറും നിഴല്‍മാത്രമായി ചുരുങ്ങുകയാണ്.പരിക്കും സൈനയ്‌ക്ക് തടസ്സമായിരിക്കുന്നു.
ചൈനാ ഓപ്പണിന് പിന്നാലെയായിരുന്നു ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധുവിന്റെ പരാജയം. അമേരിക്കയുടെ ബീവെന്‍ സാങ്ങിനോട് സിന്ധു 21-7,22-24,15-21 എന്ന സ്‌കോറിന് ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെടുകയായിരുന്നു. ഡെന്‍മാര്‍ക്കിന്റെ ആന്റോണ്‍സൈനെതിരെയുള്ള രണ്ടാം മത്സരത്തിലാണ് സായ് പ്രണീത് പരിക്കേറ്റ് പിന്മാറിയത്.















