ഇഞ്ചോണ്‍: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷാ താരമായിരുന്ന ബാഡ്മിന്റണ്‍ താരം കശ്യപിന് തോല്‍വി. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ കെന്റോ മൊമട്ടോയോടാണ് കശ്യപ് പൊരുതി തോറ്റത്. സ്‌കോര്‍ 21-13, 21-15. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.
തുടക്കത്തില്‍ മൊമൊട്ടോയുടെ ഒപ്പത്തിനൊപ്പം കളിക്കാന്‍ കശ്യപിന് കഴിഞ്ഞെങ്കിലും ലോക ഒന്നാം നമ്പര്‍ താരവുമായുള്ള കടുത്ത പോരാട്ടത്തെ അതിജീവിക്കാന്‍ കശ്യപിന് സാധിച്ചില്ല. അത് രണ്ടാം തവണയാണ് കശ്യപ് മൊമോട്ടോയുമായി മത്സരിച്ച് പരാജയപ്പെടുന്നത്.
ഡെന്‍മാര്‍ക്കിന്റെ ജോര്‍ജെന്‍സെനെ വെറും മുപ്പത്തേഴ് മിനിറ്റുകള്‍ കൊണ്ട് പരാജയപ്പെടുത്തിയാണ് കശ്യപ് സെമിയില്‍ പ്രവേശിച്ചത്.മലേഷ്യന്‍ താരം ഡാരന്‍ ലിയുവിനെ മറികടന്നാണ് കശ്യപ് ക്വാര്‍ട്ടറില്‍ എത്തിയത്.
ലോകറാങ്കിങ്ങിലെ മികച്ച വനിതാ താരങ്ങള്‍ പരാജയപ്പെട്ട് മടങ്ങിയതോടെ പുരുഷ വിഭാഗത്തിലെ ഒറ്റയാള്‍ പോരാട്ടമായിരുന്നു കശ്യപിന്റേത്. പുരുഷവിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ സായ്പ്രണീത് പരിക്കുമൂലം മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.















