കാഠ്മണ്ഡു: അണ്ടര്‍ 18 സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. 91ാം മിനിട്ടില്‍ രവി ബഹദൂര്‍ നേടിയ ഗോളാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. അണ്ടര്‍ 18 സാഫ് കപ്പില്‍ ആദ്യമായാണ് ഇന്ത്യ ജേതാക്കളാകുന്നത്.
ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യ വിക്രം പ്രതാപിലൂടെ മുന്നിലെത്തി. തൊയ്ബ സിംഗിന്റെ ക്രോസാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. എന്നാല്‍ നാടകീയ രംഗങ്ങള്‍ക്കാണ് 22ാം മിനിട്ട് സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശിന്റെ മുഹമ്മദ് ഫഹീമിനും ഇന്ത്യന്‍ താരം ഗുര്‍കിരാത് സിംഗിനും കൈയ്യാങ്കളി നടത്തിയതിന്റെ പേരില്‍ റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.
38ാം മിനിട്ടില്‍ കോര്‍ണര്‍ കിക്കിലൂടെ യെസീന്‍ ബംഗ്ലാദേശിനെ ഒപ്പമെത്തിച്ചു. എന്നാല്‍ ജഴ്‌സിയൂരിയുള്ള ആഘോഷത്തിന് യെസീന് മഞ്ഞ കാര്‍ഡും ലഭിച്ചു. ഇതോടെ രണ്ട് മഞ്ഞ കാര്‍ഡ് ലഭിച്ച യെസീന് പുറത്തു പോകേണ്ടി വന്നു.
ബംഗ്ലാദേശ് ടീം ഒന്‍പത് പേരായി ചുരുങ്ങിയെങ്കിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോര്‍ന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ നിരന്തരം ബംഗ്ലാദേശ് ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചു വിട്ടു. കളിയുടെ അധിക സമയത്ത് രവി ബഹദൂര്‍ റാണയാണ് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ വിജയ ഗോള്‍ നേടിയത്.















