കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൂടുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെ ടോം തോമസിന്റെ വീട് പൂട്ടി സീല്‍ ചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി ടോം തോമസിന്റെ വീട്ടില്‍ പൊലീസ് പരിശോധന തുടരുകയാണ്.
റോയി ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ജോളി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും ഇവരെ കൊലപ്പെടുത്താന്‍ ജോളി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഏതൊക്കെയാണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന് സഹായിച്ച മറ്റ് ബന്ധുക്കള്‍ ആരൊക്കെയാണെന്ന് തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ജോളി നല്കിയ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇത് വ്യക്തമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
അതേസമയം പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ 14 ദിവസത്തേക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ജോളിയെ അന്വേഷണ സംഘം ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും.