വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികവു കാട്ടിയ ഇന്ത്യന്‍ ടീം നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് തികച്ചും കൗതുകകരമായ ചില കണക്കുകള്‍ പുറത്തു വരുന്നത്.
രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. എന്നാല്‍ 10 ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരും പുറത്തായപ്പോള്‍ അതില്‍ ഒന്നില്‍പ്പോലും ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ‘കൈ’ ഉണ്ടായിരുന്നില്ല. തികച്ചും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും പൂര്‍ണ്ണമായും സ്വന്തം നിലക്കാണ് വിക്കറ്റുകളെല്ലാം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമായി.
ഷമി വീഴ്‌ത്തിയ 5 വിക്കറ്റുകളില്‍ 4 എണ്ണം ക്ലീന്‍ ബൗള്‍ഡായിരുന്നു. ശേഷിക്കുന്ന വിക്കറ്റാണെങ്കില്‍ കീപ്പര്‍ ക്യാച്ചും. ഷമിക്ക് ഉറച്ച പിന്തുണ നല്‍കിയ ജഡേജ 4 വിക്കറ്റാണ് വീഴ്‌ത്തിയത്. ഇതില്‍ 3 എണ്ണം എല്‍ബിഡബ്ല്യു ആയിരുന്നു. അവശേഷിച്ച ഒരു വിക്കറ്റ് റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ജഡേജ സ്വന്തമാക്കിയത്. രവിചന്ദ്രന്‍ അശ്വിന്‍ വീഴ്‌ത്തിയ ഒരു വിക്കറ്റും ക്ലീന്‍ ബൗള്‍ഡ് ആയതോടെ ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്ക് പണി കൊടുക്കാതെയാണ് കീഴടങ്ങിയത്.
നേരത്തെ, 10.5 ഓവറില്‍ 2 മെയ്ഡന്‍ ഓവറുകള്‍ സഹിതം 35 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി ഒരു ഇന്നിംഗ്‌സില്‍ 4 ബാറ്റ്‌സ്മാന്‍മാരെ ക്ലീന്‍ ബോള്‍ഡാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന ജസ്പ്രീത് ബൂമ്രയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. അതേസമയം, ടെസ്റ്റില്‍ 350 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിനാകട്ടെ മുത്തയ്യ മുരളീധരന്‍ കുറിച്ച റെക്കോര്‍ഡിനൊപ്പവും എത്തിയിരുന്നു. ഇരുവരും 66 ടെസ്റ്റുകളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 77 മത്സരങ്ങളില്‍ നിന്നും 350 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുബ്ലെയുടെ റെക്കോര്‍ഡും അശ്വിന്‍ തിരുത്തിക്കുറിച്ചു.
കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജയും ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ചിരുന്നു. കുറഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് തികയ്‌ക്കുക എന്ന റെക്കോർഡാണ് ഈ ഇടംകയ്യൻ സ്പിന്നർ സ്വന്തമാക്കിയത്. വെറും 44 മത്സരങ്ങളിൽ നിന്നാണ് ജഡേജ നേട്ടം കൈവരിച്ചത്. ശ്രീലങ്കയുടെ സൂപ്പർ താരം രംഗന ഹെറാത്തിന്റെ പേരിലായിരുന്നു ഇത്രയും നാൾ ഈ റെക്കോർഡ്. 47 മത്സരങ്ങളിൽ നിന്നായിരുന്നു ഹെറാത്ത് നേട്ടം സ്വന്തമാക്കിയത്.















