ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം. ക്യാമ്പ്‌നൂവില്‍ സെവിയ്യക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ താരം ലയണല്‍ മെസി മനോഹരമായ ഫ്രീകിക്കിലൂടെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചു.
മത്സരത്തിന്റെ 27ാം മിനിട്ടിലായിരുന്നു ബാഴ്‌സയുടെ ആദ്യ ഗോള്‍ പിറന്നത്. നെല്‍സണ്‍ സെമെഡോ നീട്ടി നല്‍കിയ ക്രോസില്‍ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ലീഗിലെ തന്റെ നാലാം ഗോള്‍ സ്വന്തമാക്കി. തൊട്ടുപിന്നാലെ വിദാലും ഗോള്‍ നേടിയതോടെ സെവിയ്യ പ്രതിരോധത്തിലായി. ഇരട്ട പ്രഹരത്തില്‍ നിന്നും മുക്തമാകുന്നതിനു മുന്‍പേ 35ാം മിനിട്ടില്‍ ഉസ്മാന്‍ ഡെംബലയിലൂടെ ബാഴ്‌സ ലീഡ് മൂന്നായി ഉയര്‍ത്തി.
ലയണല്‍ മെസിയുടെ ഗോളിനായി കാത്തിരിക്കുകയായിരുന്ന ആരാധകരെ അദ്ദേഹം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടാം പകുതിയില്‍ മത്സരം പുരോഗമിക്കവേ വീണുകിട്ടിയ ഫ്രീകിക്കിലൂടെ മെസി ഈ സീസണില്‍ ലാലിഗയിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഇതിനു പിന്നാലെ റൊണാള്‍ഡും ഡെംബലെയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും ബാഴ്‌സ പിടിച്ചു നിന്നു.
നിലവില്‍ 8 കളികളില്‍ നിന്നും 16 പോയിന്റുമായി ബാഴ്‌സലോണ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 18 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാമത്.















