ന്യൂഡല്‍ഹി: അഹമ്മദാബാദ് ജില്ല കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബാങ്ക് ചെയര്മാന് അജയ് പട്ടേല്‍ രാഹുല്‍ ഗാന്ധിക്കെതിരായി നല്കിയ മാനനഷ്ടക്കേസില്‍ ഒക്ടോബര്‍ 11 ന് അഹമ്മദാബാദ് കോടതി വാദം കേള്‍ക്കും.
നോട്ട് നിരോധനത്തിന് പിന്നാലെ അഹമ്മദാബാദ് ജില്ല കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടിയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റിയെടുത്തുവെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന്റെ പ്രഖ്യാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ പണം മാറ്റിയെന്നും ഇത് ഗുരുതരമായ അഴിമതിയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ബാങ്കിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് കാണിച്ച് ബാങ്ക് ചെയര്മാന് അജയ് പട്ടേലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഹര്‍ജി നല്‍കിയത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയതിന് രാഹുല്‍ ഗാന്ധി നാളെ സൂറത്ത് കോടതിയില്‍ ഹാജരാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രിയേയും നീരവ് മോദിയേയും ലളിത് മോദിയേയും താരതമ്യം ചെയ്ത് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.