തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടാൻ ശ്രമിക്കുമെന്ന് പിവി സിന്ധു. സ്വർണം നേടാൻ അമിത സമ്മർദമില്ല. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥനയും സ്നേഹവും തനിക്കൊപ്പമുണ്ടെന്നും സിന്ധു പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കായികരംഗത്തിന് കേരളം നൽകുന്ന പിന്തുണ മഹത്തരമാണ്. കേരളം മനോഹരമായ സ്ഥലമാണ്. ജനങ്ങൾ സ്നേഹസമ്പന്നരും. കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാനും എല്ലാവരെയും കാണാനും ഇനിയും കേരളത്തിൽ വരുമെന്നും സിന്ധു പറഞ്ഞു. മലയാളത്തിൽ എല്ലാവർക്കും നമസ്കാരം എന്നു പറഞ്ഞു തുടങ്ങിയ സിന്ധു നന്ദി, നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞാണ് അവസാനിപ്പിച്ചത്.
തലസ്ഥാനത്തെത്തിയ സിന്ധു ശ്രീപദ്മനാഭ ക്ഷേത്രത്തിലും, ആറ്റുകാൽ ദേവീ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. പ്രത്യേക വഴിപാടുകളും നടത്തി. അമ്മ പി വിജയയ്ക്കൊപ്പമായിരുന്നു സിന്ധു ക്ഷേത്രസദർശനം നടത്തിയത്.