ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ നിന്ന് പലായനം ചെയ്ത 5,300 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രധാനമന്ത്രിയുടെ 2015ലെ ജമ്മുകശ്മീര്‍ വികസന പാക്കേജിന്റെ കീഴില്‍ പാക് അധിനിവേശ കാശ്മീരിലെയും ചാമ്പയിലേയും കുടുംബങ്ങള്‍ക്കായി 2016 നവംബര്‍ 30ന് മന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതിയാണിത്. ഇതോടെ കുടുംബങ്ങള്‍ക്ക് നിലവിലെ പദ്ധതിപ്രകാരം 5.5 ലക്ഷം രൂപയുടെ ഒറ്റതവണ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടാകും.
1947ല്‍ ജമ്മു കശ്മീരിലുണ്ടായ പാകിസ്ഥാന് അധിനിവേശത്തിന്റെ ഭാഗമായി പാക് അധിനിവേശ കശ്മീരില്‍ നിന്നും 31,619 കുടുംബങ്ങള്‍ ജമ്മു കശ്മീരിലേക്ക് കുടിയേറിയിരുന്നു. ഇതില്‍ 26,319 കുടുംബങ്ങള്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കുകയും, 5300 കുടുംബങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു. അതിനുശേഷം 1965ലേയും 1971ലേയും ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തെ തുടര്‍ന്ന് 10,065 കുടുംബങ്ങള്‍ കൂടി ചാമ്പ് നിയാബാത്ത് മേഖലകളില്‍ നിന്നും പലായനം ചെയ്തിരുന്നു. ഇതില്‍ 3,500 കുടുംബങ്ങള്‍ 1965ലെ യുദ്ധത്തിലും 6,565 കുടുംബങ്ങള്‍ 1971ലെ യുദ്ധത്തിലുമാണ് പലായനം ചെയ്തത്.
ഇത്തരത്തില്‍ പാക് അധിനിവേശ കശ്മീരില്‍ നിന്നും പലായനം ചെയ്യുകയും പിന്നീട് ജമ്മു കാശ്മീരില്‍ സ്ഥിരതാമസമാക്കുകയൂം ചെയ്ത 5,300 കുടുംബങ്ങളെക്കൂടി നിലവിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും മറ്റും ഫലമായി ദുരിതമനുഭവിച്ചവര്‍ക്ക് മാന്യമായ മാസവരുമാനം സമ്പാദിക്കാനും മുഖ്യധാരാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും കഴിയും.