തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന വിമാന പരിപാലന അറ്റകുറ്റപ്പണി യൂണിറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 125 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു.എയര്‍ ഇന്ത്യ , എയര്‍ഇന്ത്യാ എക്സപ്രസ് എന്നിവ കൂടാതെ സ്പൈസ് ജെറ്റ് എന്നിവയാണ് അറ്റകുറ്റപ്പണികള്‍ക്കായി കരാറില്‍ ഒപ്പിട്ടിട്ടുള്ളത്.
ഗള്‍ഫ് വിമാനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നത്. അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നാല്‍ വളരെ വേഗത്തില്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിക്കും. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ അറ്റകുറ്റപ്പണി യൂണിറ്റ് മുംബൈയിലാണ്.
തിരുവനന്തപുരത്തെ വികസന പദ്ധതികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പദ്ധതി പ്രകാരം, രണ്ടു വിമാനങ്ങള്‍ ഒരേ സമയം പെയിന്റടിക്കാനുള്ള പുതിയ ഹാങ്ങര്‍ യൂണിറ്റ്, ഇന്ധനം ശേഖരിക്കുന്നതിനുള്ള സ്റ്റോര്‍, മെയിന്റനന്‍സ് യൂണിറ്റ്, ക്യാബിന് റിപ്പയര്‍ വിഭാഗം എന്നിവയുടെ നിര്‍മാണവും നടക്കും.