മുംബൈ: ബിസിസിഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. ഗാഗുലി പ്രസിഡന്റായാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തപ്പെടുന്നത്. ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന് ബിസിസിഐ പ്രസിഡന്റു സ്ഥാനത്തേക്ക് എത്തുന്നത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതായാണ് സൂചന.
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഗാംഗുലി. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിനു ശേഷമാണ് ഗാംഗുലിയെ പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ തീരുമാനമായത്. കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ ആയിരുന്നു ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ഗാംഗുലിയെ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഗാംഗുലി അത് നിരസിച്ചിരുന്നു.
മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയെ പരിഗണിച്ചത്. സമവായ സ്ഥാനാര്‍ഥിയായാണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്.
ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജയ് ഷായെ ബിസിസിഐ സെക്രട്ടറിയായി തിരഞ്ഞെടുത്തേക്കും. അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ ഇളയ സഹോദരനാണ് അരുണ്‍ ധുമല്‍.