കൊച്ചി : ആനക്കൊമ്പ് കേസില്‍ വനംവകുപ്പിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആനക്കൊമ്പ്കേസില് തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നല്കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .
ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്പാവൂര്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണ കുമാര്‍, തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ കൃഷ്ണ കുമാര്‍, ചെന്നൈ സ്വദേശി നളിനി രാധാകൃഷ്ണന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സെപ്തംബര്‍ 16 നാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന് നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ തന്റെ വാദവും ഹൈക്കോടതിയെ ബോധിപ്പിച്ചത്.