ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ തുടക്കം. ജാര്‍ഘണ്ഡിലെ ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മൂന്നാം ടെസ്റ്റിന് മുന്‍പ് തന്നെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ആത്മവിശ്വാസം പങ്കുവെച്ച് രംഗത്തെത്തി.
മൂന്നാം ടെസ്റ്റിന് ടീം ഇന്ത്യ സജ്ജമാണെന്നും പോസിറ്റീവ് സ്പിരിറ്റാണ് പരിശീലന വേളയില്‍ ഉടനീളം അനുഭവപ്പെട്ടതെന്നും കോഹ്ലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്.
ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറികള്‍(7) നേടുന്ന താരമായി കോഹ്ലി മാറിയിരുന്നു.
രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഉള്‍പ്പെടുന്ന ഓപ്പണിംഗ് സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റിലും മികച്ച സ്കോര്‍ പടുത്തുയര്‍ത്തത്. വിരാട് കോഹ്ലിയും മികച്ച ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യക്ക് ആകെ നഷ്ടമായത് വെറും 16 വിക്കറ്റുകളാണെന്നത് ടീമിന്റെ ബാറ്റിംഗ് നിരയുടെ കരുത്താണ് വ്യക്തമാക്കുന്നത്.
ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മ്മയും ഫോമിലാണ്. ഒരു ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഉമേഷ് യാദവ് രണ്ടാം ടെസ്റ്റില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മികച്ച പ്രകടനമാണ് ആദ്യ രണ്ട് ടെസ്റ്റുകളിലും പുറത്തെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 പോയിന്റോടെ ഇന്ത്യ ബഹുദൂരം മുന്നിലാണ്. നിലവില്‍ 140 പോയിന്റുമായി ന്യൂസിലന്‍ഡും ശ്രീലങ്കയുമാണ് രണ്ടാം സ്ഥാനത്ത്.















