കാലിഫോര്‍ണിയ: ലോകം മുഴുവന്‍ ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഇലോണ്‍ മസ്ക്കിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി വിജയമെന്ന് സൂചന. ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് സേവനം ലഭിച്ചു തുടങ്ങിയതായി വിവരം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭ്യമായ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തത്.ഭൗമോപരിതലത്തിന്റെ ഗുണമേന്മയുള്ള ചിത്രങ്ങളെ പകര്‍ത്താനും ഭാവിയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സുഗമമാക്കാനും ഉപഗ്രങ്ങളുടെ ഉപയോഗം സഹായകമാകും എന്നാണ് വിലയിരുത്തല്‍.
സ്പെയ്സ് എക്സിന് 12000 കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള അനുമതിയാണ് ഉള്ളത്. ഇതില്‍ അറുപതോളം ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിക്കാനും സ്പേയ്സ് എക്സിന് സാധിച്ചു. ഭൂമിയില്‍ നിന്നും 330 കിലോമീറ്റര്‍ മുതല്‍ 580 കിമി വരെ അകലത്തിലായാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക.
സ്റ്റാര്‍ ലിങ്ക് ടെലികമ്മ്യൂണിക്കേഷന്റെ സഹായത്തോടെ ഭൂമിയില്‍ എവിടെ നിന്നും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് ഇലോണ്‍ മസ്ക്കിന്റെ വാദം. നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും.
ഉപഗ്രഹങ്ങളുടെ വിക്ഷേപണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും.വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം ഈ സേവനം ലഭ്യമാകുമെന്നും മസ്ക്ക് പറഞ്ഞു.
.