ന്യൂഡല്‍ഹി: ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ. ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 63ാം സ്ഥാനത്തെത്തി. ആകെ 190 രാജ്യങ്ങളാണ് ലോക ബാങ്കിന്റെ പട്ടികയിലുള്ളത്.
തുടര്‍ച്ചയായ മൂന്നാം തവണയും നില മെച്ചപ്പെടുത്തിയ 10 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇന്ത്യ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 77ാമത് എത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇതുവരെ ഇന്ത്യ 79 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോള്‍ 142ാമതായിരുന്നു ഇന്ത്യ. അഞ്ച് വര്‍ഷത്തിനിപ്പുറം ഇന്ത്യ 63ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ബിസിനസ് ആരംഭിക്കല്‍, നിര്‍മ്മാണ അനുമതികള്‍, വൈദ്യുതി ലഭ്യത, ആസ്തികളുടെ രജിസ്ട്രേഷന്, ക്രെഡിറ്റ്, ന്യൂനപക്ഷ നിക്ഷേപകരുടെ സംരക്ഷണം, നികുതി അടക്കല്‍, അതിര്‍ത്തികളിലൂടെയുള്ള വ്യാപാരം, കരാറുകള്‍ നടപ്പിലാക്കല്‍ തുടങ്ങിയ 10 സൂചികകളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്ക് കണക്കാക്കുന്നത്. 10ല്‍ 7 സൂചികകളിലും വന്‍ മുന്നേറ്റം നടത്തിയതിനാലാണ് റാങ്കിംഗില്‍ ഇന്ത്യ 63ാം സ്ഥാനത്തെത്തിയത്.