കൊല്‍ക്കത്ത: പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ പങ്കാളിയാകാനൊരുങ്ങി ടീം ഇന്ത്യ. പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പരസ്യമായി പറഞ്ഞതോടെയാണ് ഇന്ത്യ പിങ്ക് ബോള്‍ കളിക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്.
ട്വന്റി20 ക്രിക്കറ്റിന് ഇത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. ഇന്ന് ട്വന്റി20 ക്രിക്കറ്റും ഏകദിന മത്സരങ്ങളും ടെസ്റ്റ് ക്രിക്കറ്റിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മിക്കപ്പോഴും ടെസ്റ്റ് മത്സരങ്ങള്‍ ആളൊഴിഞ്ഞ വേദികളിലാണ് നടക്കുന്നത്. ഇന്ത്യയുടെ പിങ്ക് ബോള്‍ മത്സരങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് അറിയില്ലെന്നും എന്നാല്‍ എന്നെങ്കിലും അത് സംഭവിക്കുമെന്നും ഒരു ചടങ്ങിനിടെ ഗാംഗുലി പറഞ്ഞിരുന്നു.
ഗാംഗുലിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളെ അനുകൂലിച്ച് രംഗത്തു വന്നു. ഇന്ത്യക്കു വേണ്ടി പിങ്ക് ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നാണ് കോഹ്‌ലി പ്രതികരിച്ചത്. ദാദയെപ്പോലെ കോഹ്‌ലിയും പിങ്ക് ബോള്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നത് നല്ലകാര്യമാണെന്നും ഡേ-നൈറ്റ് ടെസ്റ്റ് പരീക്ഷിച്ച് നോക്കണമെന്നും മുന്‍ ഇന്ത്യന്‍ നായകനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റ് ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ മത്സരമായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ദുലീപ് ട്രോഫിയില്‍ മൂന്ന് സീസണുകളില്‍ ഉപയോഗിച്ച എസ്ജിയുടെ പിങ്ക് ബോളിന്റെ ഗുണനിലവാരത്തെക്കുറിച്ച് മികച്ച പ്രതികരണം ലഭിക്കാത്തതിനാല്‍ ഇന്ത്യന്‍ ടീം പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു. അതെസമയം, നവംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായി കളിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമായിരിക്കുകയാണ്.















