അഡ്ലെയ്ഡ്: ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് ജയം. 134 റണ്‍സിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ തകര്‍ത്തത്. ഡേവിഡ് വാര്‍ണ്ണറുടെ സെഞ്ച്വറിയാണ് ഓസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. അതെസമയം, 4 ഓവറില്‍ 75 റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരം കുസന്‍ രജിത നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു.
നിശ്ചിത 20 ഓവറില്‍ 234 റണ്‍സെന്ന പടു കൂറ്റന്‍ സ്കോറാണ് ഓസ്ട്രേലിയ ശ്രീലങ്കക്കു മുന്നില്‍ പടുത്തുയര്‍ത്തിയത്. ട്വന്റി20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് വാര്‍ണ്ണര്‍ അഡ്ലെയ്ഡില് കുറിച്ചത്. ആദ്യ വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാര്‍ണ്ണര്‍ നേടിയത്. മൂന്നാമതായി ഇറങ്ങിയ ഗ്ലെന്‍ മാക്സ്വെല് 28 പന്തില്‍ 62 റണ്‍സ് നേടിയത് ഓസ്ട്രേലിയന്‍ സ്കോര്‍ 200 കടക്കുന്നതില്‍ നിര്‍ണ്ണായകമായി.
4 ഓവറില്‍ 75 റണ്‍സ് വഴങ്ങിയ കുസന്‍ രജിത ട്വന്റി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമായി മാറി. മലിംഗക്കും പ്രദീപിനും വിക്കറ്റ് നേടാനായില്ല.
മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. ആദ്യ 50 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ആഡം സാംബ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.















