ദുബായ്: വ്തുവയ്പ്പുകാർ സമീപിച്ചത് ഐസിസിയെ അറിയിക്കാതിരുന്ന സംഭവത്തിൽ ബംഗ്ലാദേശ് താരം ഷക്കീബ് അൽ ഹസനെ രണ്ട് വർഷത്തേക്ക് വിലക്കി ഐസിസി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഏകദിനത്തിലെ ഒന്നാം നമ്പർ ഓൾ റൗണ്ടർ കൂടിയായ ഷക്കീബിനെ വിലക്കിയിട്ടുണ്ട്.
ഐസിസിയുടെ അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ ലംഘിച്ചതായി കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചു. അതിനാൽ ഷക്കീബിന് ഒരു വർഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാൽ മതി. 2020 ഒക്ടോബർ 29 ന് ഷക്കീബിന് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം.
രണ്ടുവർഷം മുൻപ് വാതുവയ്പ്പുകാരൻ വലിയ ഓഫറുകളുമായി ഷക്കീബിനെ സമീപിച്ചു. എന്നാൽ ഓഫറുകൾ നിരസിച്ച ഷക്കീബ് ഇക്കാര്യം ഐസിസിയെ അറിയിച്ചില്ല. ഒരു വാതുവെപ്പുകാരന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇയാൾ ഷക്കീബിനെ ബന്ധപ്പെട്ട കാര്യം അറിയുന്നത്. ഇതോടെയാണ് ഐസിസി ഷക്കീബിനെതിരെ അന്വേഷണം ആരംഭിച്ചത്. ഐസിസിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് ഈ വാതുവയ്പുകാരന്‍.
ഷക്കീബിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഐസിസി വിലക്കിയത് ബംഗ്ലാദേശ് ടീമിന് വലിയ തിരിച്ചടിയാണ്. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയും ഷക്കീബിന് നഷ്ടമാകും. നിലവിൽ ടീമിന്റെ തുറുപ്പുചീട്ടായ ഷക്കീബ് കഴിഞ്ഞ ലോകകപ്പിലടക്കം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.















