ന്യൂഡൽഹി ; ഇന്ത്യയുമായി പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി സൗദി അറേബ്യ . ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത നാവികാഭ്യാസം 2020 ൽ ആരംഭിക്കും . ആദ്യമായാണ് ഇന്ത്യയും ,സൗദിയും തമ്മിൽ നാവികാഭ്യാസം നടത്തുന്നത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും , ഗവേഷണത്തിലടക്കം സഹകരണം വർദ്ധിപ്പിക്കാനും ഈ സംയുക്ത നാവികാഭ്യാസത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം . ഇതു സംബന്ധിച്ച രൂപ രേഖ പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങൾക്ക് മുൻപ് നടത്തിയ സൗദി സന്ദർശനത്തിൽ തയ്യാറാക്കിയതായും സൂചനയുണ്ട് . ഡിസംബറിൽ ഇന്ത്യയിൽ മറ്റൊരു കൂടിക്കാഴ്‌ച്ചയും ഇതുമായി ബന്ധപ്പെട്ട് നടത്തും.
അഭ്യാസത്തിന്റെ വ്യാപ്തി ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളിലെയും നിരവധി യുദ്ധക്കപ്പലുകൾ അഭ്യാസത്തിൽ പങ്കെടുക്കും. ഹോർമുസ് കടലിടുക്ക് മുതൽ മലാക്ക കടലിടുക്ക് വരെയാകും നാവികാഭ്യാസം നടക്കുക . ഇന്ത്യൻ നാവികസേന 2008 മുതൽ ഏദൻ ഉൾക്കടലിൽ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിയാദ് സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ഗൾഫ് മേഖലയിലെയും ജലപാതകളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും , അതിനു ഉഭയകക്ഷി ഇടപെടലിന്റെ പ്രാധാന്യം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായും വ്യക്തമാക്കുന്നുണ്ട് .















