Defence

ഇന്ത്യയുടെ വജ്രായുധം വാങ്ങാൻ ഫിലിപ്പീൻസ് , പിന്നാലെ ലോക രാജ്യങ്ങളും ; ആദ്യമായി വിദേശ രാജ്യത്തിന് ബ്രഹ്മോസ് നൽകാൻ ഇന്ത്യ

ന്യൂഡൽഹി ; പ്രതിരോധ രംഗത്ത് മാറ്റങ്ങളുടെ കൊടുങ്കാറ്റായാണ് ഇന്ത്യയുടെ വളർച്ച . ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു . കഴിഞ്ഞ 20 വർഷത്തിലേറെയായി ഇന്ത്യ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട് .

എന്നാൽ അമേരിക്ക,റഷ്യ ,ചൈന എന്നീ രാജ്യങ്ങളെ പോലെ ആയുധങ്ങൾ വിൽക്കാൻ ഇതുവരെയും ഇന്ത്യ തയ്യാറായിട്ടില്ല . എന്നാൽ ഇപ്പോൾ ബ്രഹ്മോസിനായി നിരവധി രാജ്യങ്ങൾ സമീപിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിരന്തരമായി ഉന്നയിക്കുന്ന ഫിലിപ്പീൻസിന് ആയുധം വിൽക്കാനുള്ള തീരുമാനം പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ .ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിനു ബ്രഹ്മോസ് മിസൈൽ വിൽപന നടത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തുന്നത്.

ഇന്ത്യയും , ഫിലിപ്പീൻസും തമ്മിൽ വർഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത് . ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐ എൻ എസ് സഹ്യാദ്രി മനിലയിൽ എത്തിയിരുന്നു . ഈ സമയത്താണ് ഇന്ത്യൻ , ഫിലിപ്പീൻസ് പ്രതിരോധ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയതും , ബ്രഹ്മോസ് അതിൽ വിഷയമായതും . മാത്രമല്ല ആർമി വൈസ് കമാൻഡർ മേജർ ജനറൽ റെയ്നാൽഡോ അക്വിനോ ഐ‌എൻ‌എസ് സഹ്യാദ്രി സന്ദർശിക്കുകയും ചെയ്തു .

തങ്ങളുടെ പ്രതിരോധ രംഗം കൂടുതൽ ശക്തമാക്കാനും , രാജ്യ സുരക്ഷ ഉറപ്പിക്കാനും ബ്രഹ്മോസ് കൂടിയേ തീരൂവെന്നാണ് ഫിലിപ്പീൻസ് സേനയുടെ ഔദ്യോഗിക വക്താവ് രമോൺ സഗാല മാദ്ധ്യമങ്ങളോട് പറഞ്ഞത് . അതേ സമയം ബ്രഹ്മോസ് ഫിലിപ്പൈനു വിൽക്കുന്ന കാര്യം ഇന്ത്യയുടെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഫിലിപ്പൈൻ ആർമി അതിന്റെ പീരങ്കി റെജിമെന്റിന്റെ പരിധിയിൽ വരുന്ന ആദ്യ ലാൻഡ് അധിഷ്ഠിത മിസൈൽ ബാറ്ററി സജീവമാക്കുന്നതിന് ബ്രഹ്മോസിന്റെ വാങ്ങൽ സഹായിക്കുമെന്നാണ് അനുമാനിക്കുന്നത് .

ഫിലിപ്പീൻസ് കൂടാതെ ഗൾഫ് രാജ്യങ്ങളും, ദക്ഷിണ കൊറിയ, അൾജീരിയ, ഗ്രീസ്, മലേഷ്യ, തായ്‌ലൻഡ്, ഈജിപ്ത്, സിംഗപ്പൂർ,ബൾഗേറിയ എന്നീ രാജ്യങ്ങളും ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട് . മാത്രമല്ല ആസിയാൻ രാജ്യങ്ങളിൽ ഇന്തോനേഷ്യ,വിയറ്റ്നാം എന്നിവയും ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട് .

ചിലി,പെറു എന്നിവയാണ് ഏറ്റവുമൊടുവിലായി ബ്രഹ്മോസ് ആവശ്യപ്പെട്ടിരിക്കുന്നത്.ചിലിയുടെ പ്രതിരോധ വകുപ്പ് അധികൃതർ ഇതിനായി ഇന്ത്യൻ പ്രതിരോധ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട് .

പെറു ഗവണ്മെന്റിൽ നിന്നും നേരിട്ട് ബ്രഹ്മോസ് മിസൈലിനായി നിരവധി തവണ വിളിച്ചിരുന്നതായി പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു .

അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്. ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.

ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും .

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close