സിഡ്നി: ഓസ്ട്രേലിയയുടെ മികച്ച ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലിന് വിശ്രമം നല്കാന് തീരുമാനം. മാനസികമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാകുന്നില്ലെന്ന വൈദ്യപരിശോധനയെ തുടര്‍ന്നാണ് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം വന്നിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ പ്രത്യേകിച്ച് നിശ്ചിത ഓവര്‍ മത്സരങ്ങളിലെ ഏറ്റവും സ്ഫോടനാത്മകമായ ബാറ്റ്സ്മാന്മാരിലൊരാളായാണ് മാക്സവെല്‍ നിറഞ്ഞുനില്ക്കുന്നത്.
നല്ല ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് മാക്സ്വെല്. എന്നാല്‍ അടുത്തകാലത്തായി കടുത്ത മാനസിക സമ്മര്‍ദ്ദം അലട്ടുന്നതായി ടീമിനൊപ്പമുള്ള മന:ശാസ്ത്രവിദഗ്ധനായ ഡോ.മൈല്‍ ലോയ്ഡാണ് വിവരം പുറത്തുവിട്ടത്. സ്വയം തിരിച്ചറിഞ്ഞ വിഷയങ്ങള്‍ ടീം ഡോക്ടറോട് പങ്കുവയ്ക്കുകയും തന്റെ സാന്നിധ്യം ടീമിന് പ്രശ്നമാവരുതെന്ന് സ്വയം തീരുമാനിച്ചതായും ലോയ്ഡ് അറിയിച്ചു.
നിലവില്‍ ശ്രീലങ്കക്കെതിരായി കളിച്ചുകൊണ്ടിരിക്കെയാണ് ആദ്യ ടി20യ്ക്ക് ശേഷം മാക്സവെല്‍ വിട്ടുനിന്നത്. അഡ്ലെയ്ഡിലെ ആദ്യ ടി20യില്‍ അതിവേഗത്തിലാണ് മാക്സ്വെല് അര്‍ധസെഞ്ച്വറി നേടിയത്.അടുത്ത മത്സരത്തില്‍ ആര്‍സി ഷോട്ടാണ് പകരക്കാരനായി കളിച്ചത്.















