മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായി നടപ്പാക്കാന്‍ പോകുന്ന പകല്‍ രാത്രി ടെസ്റ്റ് മത്സരങ്ങള്‍ നല്ല ഒരു നീക്കമാണെങ്കിലും ബൗളര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് മുന്‍ നായകന് സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ ആദ്യടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സിലാണ് നിശ്ചയിച്ചിരിക്കുന്നത്.
‘പകല്‍-രാത്രി മത്സരങ്ങള്‍ക്ക് ഏറെ സാധ്യതകളുണ്ട്. എന്നാല്‍ മഞ്ഞ് രാത്രി മത്സരങ്ങളിലെ ഒരു പ്രധാനഘടകമാണ്. പന്തില്‍ പറ്റുന്ന ഈര്‍പ്പം ബൗളര്‍മാരെയാണ് ബാധിക്കുക. ഫാസ്റ്റ് ബൗളര്‍മാരേയും സ്പിന്നര്‍മാരെയും ഒരുപോലെ നനവ് ബാധിക്കും. അത്് പന്തിലെ പിടുത്തത്തെ ബാധിക്കുകയും വേഗതകുറയുകയും ചെയ്യും. എന്നാല്‍ ഈര്‍പ്പമില്ലെങ്കില്‍ ഏറ്റവും മികച്ച കളി നമുക്ക് പ്രതീക്ഷിക്കാം’ സച്ചിന് സൂചിപ്പിച്ചു.
നവംബര്‍ അവസാനത്തോടെയാണ് ടെസ്റ്റ് മത്സരങ്ങളെന്നതിനാല് ശീതകാലത്തിന്റെ ആരംഭത്തോടെ അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ധിക്കും. രാത്രിയില്‍ മഞ്ഞുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും സച്ചിന് സൂചിപ്പിച്ചു. ഇത്തരം അന്തരീക്ഷം ബാറ്റ്സ്മാന്മാര്ക്ക് ഗുണകരമാകും. എസ്ജി കമ്പനിയാണ് ആദ്യമായി നടക്കാന്‍ പോകുന്ന മത്സരങ്ങള്‍ക്കായി പിങ്ക് നിറത്തിലുള്ള പന്തുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്.
കൂറ്റന്‍ സ്റ്റേഡിയത്തില്‍ പകല്‍ രാത്രി ടെസ്റ്റ് മത്സരത്തില്‍ കാണികളുടെ വലിയ സാന്നിധ്യമുണ്ടാകുമെന്ന കണക്കുകൂട്ടലും സച്ചിന് പങ്കുവച്ചു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ വൃധിമാന്‍ സാഹ മുന്‍പ് ഇതേ ഗ്രൗണ്ടില്‍ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന് അത്ലറ്റിക് ക്രിക്കറ്റ് ക്ലബ്ബും ഭോവാനീപോര് ക്ലബ്ബുമായുള്ള മത്സരത്തില്‍ പിങ്ക് പന്ത് ഉപയോഗിച്ച് പരിചയമുള്ളയാളാണെന്നും സച്ചിന് ചൂണ്ടിക്കാട്ടി.















