ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നാളെ രാത്രി 7 മണിക്കാണ് മത്സരം നടക്കുക. ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം കാരണം മത്സരം തടസപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കുമെന്ന് കോഹ്ലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് ശര്‍മ്മ സൂചന നല്കി. സഞ്ജു മികച്ച താരമാണെന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അതേസമയം പിച്ചിന്റെ സാഹചാര്യ കൂടി കണക്കിലെടുത്താകും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നും രോഹിത് വ്യക്തമാക്കി.
ഓപ്പണിംഗ് സഖ്യത്തില്‍ പതിവുപോലെ രോഹിത്തിനൊപ്പം ശിഖര്‍ ധവാനാകും ഇറങ്ങുക. മൂന്നാമനായി കെ.എല്‍ രാഹുലും തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും എത്താനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ അഞ്ചാം സ്ഥാനത്ത് സഞ്ജു സാംസണ് നറുക്ക് വീണേക്കും. ആറാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്ത് ഇറങ്ങാനാണ് സാധ്യത.
ഓള് റൗണ്ടര്‍മാരായി ക്രുനാല്‍ പാണ്ഡ്യയും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിച്ചേക്കും. പേസര്‍മാരായി ഖലീല്‍ അഹമ്മദും ദീപക് ചാഹറും ഇറങ്ങിയേക്കും. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും.
ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചെങ്കിലും ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലി ടീമില്‍ മടങ്ങിയെത്തും.















