ഭുവനേശ്വര്‍: ടോക്കിയോ ഒളിംപ്ക്‌സിന് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ആദ്യ പാദത്തില്‍ റഷ്യയോട് 2-4ന് വിജയിച്ച ടീം ഇന്ത്യ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് റഷ്യയെ തകര്‍ത്താണ് ഒളിംപിക്‌സ് യോഗ്യത നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 11-3നാണ് ഇന്ത്യയുടെ വിജയം.
രണ്ടാം പാദ മത്സരത്തില്‍ റഷ്യ ആദ്യ മിനിട്ടില്‍ തന്നെ ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. അലക്‌സി സോബോലെവിസ്‌കി ആദ്യ മിനിട്ടില്‍ തന്നെ ഇന്ത്യന്‍ ഗോള വല കുലുക്കി. എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലാകുമെന്ന റഷ്യയുടെ കണക്കു കൂട്ടലുകള്‍ തകരുന്ന കാഴ്ചക്കാണ് കലിംഗ സ്‌റ്റേഡിയം പിന്നീട് സാക്ഷിയായത്.
റഷ്യ ആദ്യ ഗോള്‍ നേടിയതിനു ശേഷമുള്ള 16 മിനിട്ടുകള്‍ ആകാംക്ഷ നിറഞ്ഞതായിരുന്നു. 17ാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ദളിത് ഉപാദ്ധ്യായിലൂടെ ഇന്ത്യ സമനില ഗോള്‍ നേടി. ഇതിനു പിന്നാലെ ആകാശ്ദീപ് സിംഗ് 23ാം മിനിട്ടിലും 29ാം മിനിട്ടിലും ഗോള്‍ നേടിയതോടെ റഷ്യ അപകടം മണത്തു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 3-1ന് ലീഡ് ചെയ്തിരുന്നു.
അടുത്ത 15 മിനിട്ടില്‍ ഗോള്‍ പിറന്നില്ല. അവശേഷിച്ച 15 മിനിട്ടിലാണ് ഇന്ത്യ വന്‍ മുന്നേറ്റം നടത്തിയത്. 47ാം മിനിട്ടില്‍ നിളകാന്ത ശര്‍മ്മ നേടിയ ഗോളില്‍ ഒളിംപിക്‌സ് യോഗ്യത എന്ന ലക്ഷ്യത്തോട് ഇന്ത്യ ഒരുപടി കൂടി അടുത്തു. രൂപീന്ദര്‍പാല്‍ സിംഗ് 48,49 മിനിട്ടുകളില്‍ നേടിയ ഗോളുകളാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.















