താഷ്കെന്റ്: ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉസ്ബെക് പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ ബഖോദീര് നിസാമോവിച്ചും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. താഷ്ക്കെന്റില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഇരുഭാഗത്തുമുള്ള പ്രതിരോധ-വിദേശകാര്യ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി ഉസ്ബെക്ക് സന്ദര്‍ശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള പ്രതിരോധ രംഗത്തെ സഹകരണം ഏറെ മുന്നോട്ടുപോയതായി ഉസ്ബെക്ക് പ്രതിരോധ വകുപ്പറിയിച്ചു. 2018ലാണ് അന്നത്തെ ഉസ്ബെക്ക് പ്രതിരോധ മന്ത്രി ഭാരതം സന്ദര്‍ശിച്ചത്. ഇതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധരംഗത്തെ പരിശീലനം, ഗവേഷണം എന്നിവ വര്‍ധിച്ചതായും പറഞ്ഞു. കൂടാതെ ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനവും സെപ്തംബറില്‍ ആദ്യമായി താഷ്ക്കെന്റില്‍ വച്ചുതന്നെ നടന്ന പ്രതിരോധ രംഗത്തെ ശില്പശാല ഏറെ ഫലപ്രദമായതായും ഉസ്ബെക്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതിരോധ രംഗത്തെ മുന്നേറ്റത്തിനായി 40 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ സഹായം അനുവദിച്ചിരുന്നു. ഇതുമൂലം പ്രതിരോധ രംഗത്തേക്കുള്ള സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് തന്നെ വാങ്ങിക്കാനും വിദഗ്ധ സൈനിക പരിശീലനങ്ങള്‍ക്കും സഹായമായതായി ഉസ്ബെക് അറിയിച്ചു. ചര്‍ച്ചയില്‍ സൈനിക ആരോഗ്യ മേഖലയിലെ സഹകരണത്തിലും ധാരണയായി. ഇന്നാരംഭിക്കുന്ന ഭീകരതക്കെതിരായ സംയുക്ത സൈനിക പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലും രാജ്നാഥ് സിംഗ് പങ്കെടുക്കും.